Tuesday, July 19, 2011

ഒന്നാം കണ്ണീര്‍

മുതിര്ന്നതില്‍ പിന്നെ ജീവിതത്തില്‍ മൂന്നു തവണ മാത്രമേ ഞാന്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ചു കരഞ്ഞിട്ടുള്ളൂ.
ഒന്നാം കണ്ണീര്‍:
കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഒരു വല്ലാത്ത ജീവിതം.
 അച്ഛന്‍ ബസ്‌ നടത്തി കടം കയറി മുടിഞ്ഞ അവസ്ഥയില്‍ ... ഞാന്‍ കോളേജിന്റെ അടുത്തുള്ള വീടുകളില്‍ ട്യൂഷന്‍ എടുത്താണ് എന്‍റെ ചെലവിനു വഴി കണ്ടെത്തിയത്. രാവിലെ നാലരയ്ക്കുണര്‍ന്നു ആറ് മണിയോടെ ഒരു കാലിച്ചായ കുടിച്ചു കോളേജിലേക്ക് പുറപ്പെടും. അരമണിക്കൂര്‍ ബസ്‌ യാത്ര. ഇരിട്ടിയിലേക്കുള്ള ആദ്യത്തെ ബസ്‌..നവനീത്..... ആറരയോടെ കോളേജില്‍ ... അഞ്ജു മേരി വര്‍ഗീസിനെ എഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പഠിപ്പിക്കണം. സത്യത്തില്‍ എന്നേക്കാള്‍ ഇംഗ്ലീഷ് പരിജ്ഞാനം അവള്‍ക്കുണ്ടായിരുന്നു. എന്നിട്ടും എന്നെ അവള്‍ സഹിച്ചു. സഹതാപം ആയിരിക്കണം. അവളുടെ ചേട്ടന്‍ അവന്റെ സ്വഭാവം പോലെ...അവന്റെ പേരും ഞാന്‍ മറന്നു പോയല്ലോ. അവനു ഭയങ്കര മറവി ആയിരുന്നു. ഒരു കാര്യം പഠിക്കുകയുമില്ല. അവന്‍ ആ  വര്ഷം പത്താം ക്ലാസ്സില്‍ തോല്‍ക്കുമെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. അങ്ങനെ രാവിലെ ആറര മുതല്‍ ഒന്‍പതു മണിവരെ വര്‍ഗീസ്‌ ചേട്ടന്റെ വീട്ടില്‍. അത് കഴിഞ്ഞു അവിടുന്ന് ചായ തരും. അതും കുടിച്ചു കൊണ്ട് ഒരൊറ്റ ഓട്ടം...കോളേജിലേക്ക്....ക്ലാസ്സില്‍ എത്തുമ്പോ വൈകും ..ടീച്ചര്‍ ക്ലാസ്സിലുണ്ടാവും. "എന്താ ഇത്ര വൈകിയത്?" സ്ഥിരം ശീലം ആയതില്‍പിന്നെ ടീച്ചര്‍ അങ്ങനെ ചോദിക്കാറില്ല. എങ്ങനെയോ വൈകിട്ടാവുന്നു മൂന്നരയ്ക്ക് കോളേജ് വിടും. ഒരൊറ്റ ഓട്ടം. അടുത്തുള്ള കന്യാസ്ത്രീകളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍. പലരും എന്നേക്കാള്‍ മുതിര്‍ന്നവര്‍. ഒരു കന്യാസ്ത്രീയെ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. ജോ മരിയ. വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം ഞാന്‍ മനസിലാക്കിയ "ഡിസ് ലെക്സിയ" എന്ന അസുഖം അന്നേ അവര്‍ക്കുണ്ടായിരുന്നു. "BAD" എന്നെഴുതിയാല്‍ "DAB" എന്ന് വായിക്കും. പ്രീ-ഡിഗ്രി അവസാന ചാന്‍സ് ആയിരുന്നു ജോ മരിയക്ക്‌. എന്ത് പറഞ്ഞു കൊടുത്താലും ഒരുതരം വിറയലും ആത്മ വിശ്വാസ കുറവും. ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇവര്‍ക്കൊക്കെ വേണ്ടി ആണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒക്സ് ഫോര്‍ഡ് പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയത്. പുതിയ രീതികളില്‍ ചിത്രങ്ങളുടെ സഹായത്തോടെ ഞാന്‍ ജോ മരിയയെ ആശ്വസിപ്പിച്ചു. ഇംഗ്ലീഷ് പേടിക്കെണ്ടുന്ന ഭാഷയല്ലെന്നു ഭാവിച്ചു. 
ഒടുവില്‍ ആറ് മണിക്ക് വീട്ടിലേക്കു മടക്കം. ഏഴു മണിയോടെ വീട്ടില്‍. ഇതായിരുന്നു കോളേജ് ജീവിതം. കൂട്ടുകാര്‍ പ്രണയിച്ചും കളിച്ചും നടന്നു. ഞാന്‍ ഷണ്ഡന്‍ ആണെന്ന് ചില പെണ്‍ കുട്ടികളെങ്കിലും കരുതി. എന്‍റെ അവസ്ഥകള്‍ ഞാന്‍ ആരോടും പറഞ്ഞില്ല.
ഇതിനിടയില്‍ അഞ്ജുവിന്റെ ചേട്ടന്‍ തോറ്റു..പക്ഷെ അത്ഭുതം സംഭവിച്ചത് ജോ മരിയയുടെ ഉത്തര കടലാസ്സില്‍ ആണ്. അവള്‍ എങ്ങനെയോ പാസ്സായി. 
ഈ കാലയളവില്‍ ഒരു സംഭവം നടന്നു...ടീച്ചര്‍ ഒരു അപകടത്തില്‍ കാലിനു പരിക്ക് പറ്റി ക്രച്ചസില്‍ ആണ് നടപ്പ്. തിരക്കുകള്‍ കാരണം ഒരിക്കല്‍ പോലും ഞാന്‍ ആ സ്ത്രീ വേദന സഹിച്ചു ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല.
ഒരു നാള്‍,
ബോട്ടണി ലാബില്‍ കൂര്‍ത്തൊരു മേശയുടെ കോണില്‍ ടീച്ചറുടെ സ്റ്റീല്‍ ഇട്ട കാല്‍ ശക്തിയായി ഇടിച്ചു. ഒരൊറ്റ വീഴ്ചയില്‍ ടീച്ചര്‍ കിടന്നു പിടഞ്ഞു. ഓരോ ദിവസം ഞങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി ഈ സ്ത്രീ നൂറ്റിരുപതു പടികള്‍ ചവിട്ടി മൂന്നാം നിലയിലേക്ക് വന്നിരുന്നു എന്നത് അപ്പോള്‍ മാത്രമാണ് ഞാന്‍ ഓര്‍ത്തത്‌.
അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. പുലര്‍ച്ചെ മൂന്നരയ്ക്ക് ഞാന്‍ എഴുതി;
A smiling face with lots of pain... 
You're our inspiration....
You will walk...walk normally...walk majestically...
എന്നിട്ട് ടീച്ചര്‍ വരും മുന്‍പേ ഒരു റോസാ പുഷ്പം സഹിതം ആരുമറിയാതെ ടേബിളില്‍ വച്ചു. ആരെന്നറിയാതെ ടീച്ചര്‍ വായിക്കട്ടെ. ആരോ ഒരാള്‍ ടീച്ചറുടെ വേദന അറിയുന്നുണ്ട് എന്ന് മനസ്സിലാക്കട്ടെ.
എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല.
ഞാന്‍ നന്നായി പഠിക്കാന്‍ തുടങ്ങി. എന്നും ഉണര്‍ന്നാലുടനെ ടീച്ചര്‍ക്ക് നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കും.
എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല.
അന്നൊക്കെ ചോറിനു എട്ടു രൂപയാ. ദോശയ്ക്ക് ഒരു രൂപ.
ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത്‌ ഞാന്‍ നിര്‍ത്തി. പകരം ഒരു ദോശ കഴിക്കും. മിച്ചം വന്ന പൈസ ഞാന്‍ കൂട്ടി വെക്കും. എന്നിട്ട് ആഴ്ചയില്‍ ഒരിക്കല്‍ വൃദ്ധര്‍ക്കും അനാഥര്‍ക്കും അന്നദാനം നടത്തി. എന്നിട്ട് ടീച്ചര്‍ക്കായി പ്രാര്‍ത്ഥിച്ചു. കോളേജില്‍ നിന്നും വിട പറയുന്നത് വരെ ഈ ശീലം തുടര്‍ന്നു.
ഈ നീണ്ട കാലയളവില്‍ എപ്പോഴോ ഞാന്‍ ടീച്ചറെ ഒരമ്മയെപ്പോലെ കാണാന്‍ തുടങ്ങിയിരുന്നു. 
ഇപ്പോള്‍ തന്നെ ഒരു അമ്മയുള്ള ആള്‍ എന്തിനാണ് മറ്റൊരു അമ്മയെ മനസ്സില്‍ കൊണ്ട് നടക്കുന്നത്?
ആയതിനാല്‍ ഇക്കാര്യം ഒരിക്കലും ഞാന്‍ ടീച്ചറോട് പറഞ്ഞില്ല.
ഒരു നാള്‍ ...അന്ന് ഞാന്‍ അവസാനമായി കോളേജില്‍ പോയ ദിവസം...ഒരുമിച്ചു ഭക്ഷണം കഴിച്ചോട്ടെ എന്ന് ഞാന്‍ ടീച്ചറോട് ചോദിച്ചു. സമ്മതിച്ചു. ഇടയിലെപ്പോഴോ ഞാനറിയാതെ എന്‍റെ കൈകള്‍ ഭിക്ഷ യാചിച്ചു....ഒരുരുള.....എന്തിനോ വേണ്ടി...
ടീച്ചര്‍ മടി കാണിച്ചില്ല.
"എന്നാ ആ വായിങ്ങ് കാട്ട്..", എന്‍റെ വായിലേക്ക് കടലക്കറിയില്‍ പയറ് കുഴച്ച ചോറുരുള വെച്ചു തന്നു. എന്‍റെ ഇടത്തേ കണ്ണിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകി വലത്തേ കണ്ണില്‍ പടര്‍ന്നു.

Wednesday, July 13, 2011

താഴ്‌വരയില്‍

തികച്ചും നിര്‍ബന്ധിതനായി ഒരു മരണവീട്ടില്‍ ഇന്നലെ പോയി... ഒരു അടുത്ത ബന്ധു ആണ് മരിച്ചത്..അതെ വളരെ അടുത്ത ബന്ധു.. പക്ഷെ വര്‍ഷങ്ങളായി ആ സ്ത്രീയുമായി ഞങ്ങള്‍ക്കാര്‍ക്കും വലിയ ബന്ധവുമില്ല... ഞങ്ങള്‍ക്കെന്നല്ല കുടുംബത്തിലെ ആര്‍ക്കും തന്നെ അവരുമായി അടുപ്പം ഇല്ല. ജീവിച്ചിരുന്നപ്പോള്‍ അവരെ പറ്റി കുറ്റം മാത്രമേ എല്ലാരും പറയാറുള്ളൂ ...ഞാനുമതെ... എന്ന് വച്ച് അവര്‍ വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല താനും. അടിച്ചേല്‍പ്പിക്കപ്പെട്ട കുറ്റങ്ങള്‍...പാരമ്പര്യമായി ഏതെങ്കിലും ആള്ക്ക് ഇത്തരം ദുര്യോഗം വരും...അത് തടയാന്‍ ഒക്കുമോ?
ഞങ്ങള്‍ എത്തിയപ്പോഴേക്കും അവര്‍ ചാരമായി കനത്ത മഴയില്‍ ഒലിച്ചു പോയിരുന്നു.
കുറ്റം പറഞ്ഞവര്‍ ഒരുമിച്ചു കൂടി സഹതപിക്കുന്നു..
ജീവിതത്തില്‍ ഞാന്‍ കണ്ട ലൈവ് കോമഡി.
അപ്പുറത്തെ മുറിയില്‍ അവരുടെ ഭര്‍ത്താവു അവശനായി കിടക്കുന്നു...
പ്രതാപ കാലങ്ങളില്‍ അയാളെ ഞാന്‍ കണ്ടിട്ടുണ്ട്... തേജസ്സേറിയ മുഖമാണ് ഓര്‍മയില്‍ ...അതും പതിനെട്ടു വര്ഷം മുന്‍പ് കണ്ടത്...ഇന്നിപ്പോ ചുക്കി ചുളുങ്ങി പല്ലുകള്‍ കൊഴിഞ്ഞു എണീക്കാന്‍ വയ്യാതെ കിടക്കുന്നു.... ചിലര്‍ക്ക് മരണം അനുഗ്രഹം തന്നെ...
നാളെ ഞാനും അത്തരമൊരു അനുഗ്രഹത്തിന് തൊഴു കൈകളോടെ കിടന്നു കൂടായ്കയില്ല...
കോരി ചെരിയുന്ന മഴ എന്റെ മനസ്സില്‍ അറിവിന്റെ താഴ്വര ഉണ്ടാക്കി...