Thursday, December 9, 2010

ഗുരുത്വം

തികച്ചും അപ്രതീക്ഷിതവും ചാര്‍ട്ടില്‍ ഇല്ലാത്തതുമായ ഒരു സംഭവം ആയിരുന്നു എന്‍റെ ബ്ലോഗ്‌ പ്രവേശനം. എഴുത്തും വായനയും പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉപേക്ഷിക്കേണ്ടി വന്ന ജീവിതം (അയ്യോ ഞാന്‍ ഒരു സയന്‍സ് പോസ്റ്റ്‌ ഗ്രജ്വേടും ലെക്ച്ചര്ഷിപ് പരീക്ഷ പാസ്സായവനും ആകുന്നു!അപ്പോള്‍ സാഹിത്യ വായനയും കഥയെഴുത്തും എന്ന് വേണം മനസ്സിലാക്കാന്‍.) വീണ്ടും എഴുത്തിന്റെയും വായനയുടെയും വഴിയിലേക്ക് തിരിയുമെന്ന നേരിയ പ്രതീക്ഷ പോലും എനിക്കില്ലായിരുന്നു. എന്ന് കരുതി ഞാന്‍ ഒരു അറുപതു വയസ്സായ ഒരാള്‍ ആണെന്ന് കരുതല്ലേ! ഇരുപത്താറു വയസ്സ്... അത് ഇനിയും കൂടാനുള്ള സാധ്യതയാണ് പരന്നങ്ങനെ കിടക്കുന്നത്! കഴിഞ്ഞുപോയ പത്ത്  വര്‍ഷങ്ങള്‍ ഞാന്‍ അന്വേഷിച്ചതും അത്യാവശ്യമായിരുന്നതും നിലനില്‍പ്പ്‌ മാത്രം ആയിരുന്നു.

പഴയ ഒരു ഓര്‍മയാണ്... അന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. നാട്ടിലെ ഒരു ക്ലബ്ബിന്റെ വാര്ഷികത്തിനോ മറ്റോ ഉള്ള ഒരു കലാപരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ഞങ്ങളില്‍ ചിലരെ സ്കൂളില്‍ നിന്നും കൊണ്ടുപോയി. പേര് പറയാന്‍ ആഗ്രഹമില്ല, എങ്കിലും പറയട്ടെ ഒരു മാഷ്...എന്റടുത്തു വന്നു പറഞ്ഞു.. "ഇഞ്ഞി ചിത്രം ബരക്കാന്‍ പോണം... പെന്‍സിലും സ്കെച്ച് പെന്നെല്ലാം എട്തോ". ഒരു രഹസ്യം പറയട്ടെ അന്നോളം ഞാന്‍ ഒരു മീനിന്റെ ചിത്രം മാത്രം വരച്ച ഒരു എളിയ ചിത്രകാരന്‍ ആണ്. എന്നും ക്ലാസ്സിലെത്തിയാല്‍ ഉടനെ ഞാന്‍ ഒന്ന് രണ്ട് മീനുകളുടെ ചിത്രം വരക്കും. വരയെല്ലാം ഒരൊന്നൊന്നര വരയാണ്. ലോകത്തൊരിടത്തും ഇല്ലാത്ത മീനുകളെ മാത്രമേ ഞാന്‍ വരച്ചിട്ടുള്ളൂ! മൂക്കില്ലാ സ്കൂളിലെ മുറിമൂക്കന്‍ ചിത്രകാരനായി ഞാന്‍ അറിയപ്പെട്ടു. ഈ ഐതിഹ്യം മനസ്സിലാക്കി ആവണം ആ മാഷ് എന്നെ ആ പരിപാടിക്ക് വിളിച്ചുകൊണ്ടു പോയത്.
ഞങ്ങള്‍ കുട്ടികളെ വരിവരിയായി റോഡിന്റെ വലതു വശത്തൂടെ നടത്തിച്ചാണ് രണ്ട് കിലോമീറ്റര്‍ അകലെ ഉള്ള ഒരു സ്കൂളില്‍ എത്തിച്ചത്. ഒരു മുപ്പതോളം കുട്ടികള്‍ വരിവരിയായി.... ലെഫ്റ്റ് റൈറ്റ് പറഞ്ഞ് പോത്തുകളെ പോലെ നടന്നു!... ശരിയാ ചില എരുമകളും കൂട്ടത്തില്‍ ഉണ്ടായിരുന്നു!!
അങ്ങനെ ആ സ്ഥലത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. എന്‍റെ കയ്യില്‍ ഒരു ഗമയ്ക്ക് വേണ്ടി എന്നപോലെ ഒരു മലയാളം ടെക്സ്റ്റ്‌ പുസ്തകം ഉണ്ടായിരുന്നു. അഹങ്കാരം അന്നേ എന്‍റെ സ്വഭാവത്തിന്റെ കൂടപ്പിറപ്പ് ആയിരുന്നു. പല പല പാട്ടും ഡാന്‍സും നടക്കുകയാണ് വേദിയില്‍.... എഴുത്ത് വര മത്സരങ്ങള്‍ ഉച്ചക്ക് ശേഷം ആണെന്ന് അറിയിപ്പ് വന്നു.... അതായതു ഞാന്‍ ഉച്ച വരെ ചുമ്മാ കോട്ടുവാ ഇട്ടോണ്ടിരിക്കണം..... അന്നാണെങ്കില്‍ ആണ്‍ പെണ്‍ വായനോട്ടങ്ങള്‍ വശമില്ലാത്ത ഒരു നിഷ്കളങ്കനും.!
നേരം ഉച്ചയായി... വിശന്നു തുടങ്ങി... കൊണ്ടുവിട്ട മാഷെയും ടീച്ചറെയും കാണാനേ ഇല്ലാ... എനിക്ക് പേടി തോന്നി തുടങ്ങി.... കൂടെ വന്ന പിള്ളേര്‍ ആരൊക്കെ എന്ന് ഒരു പിടിയും ഇല്ലാ... കുറെ പിള്ളേരുടെ കൂട്ടത്തില്‍ തികച്ചും അപരിചിതനായി ഞാന്‍ മാഷെയും ടീച്ചറെയും കാത്തു നിന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല. ജീവിതത്തില്‍ ആദ്യമായി പട്ടിണി കിടന്ന സമയം... പിന്നീടങ്ങോട്ട് വലുതായപ്പോ പട്ടിണി ഒരു വിഷയമല്ലാതായി മാറിയെങ്കിലും എന്‍റെ കന്നിപ്പട്ടിണി മനസ്സില്‍ മായാതെ കിടക്കുന്നു.
ഒടുവില്‍ വൈകുന്നേരം ആയി... ഇരുട്ട് വീണു തുടങ്ങി... എന്‍റെ മത്സരം നടന്നോ എന്നുപോലും മനസ്സിലാക്കാനുള്ള ബുദ്ധി വിശപ്പ്‌ കാരണമോ എന്തോ ... എനിക്ക് വന്നില്ല. മാഷും പിള്ളേരും പോയോ?
ഷര്‍ട്ട് പോക്കെറ്റില്‍ പിന്നു ചെയ്ത 501 എന്ന ചെസ്റ്റ് നമ്പരുമായി ഞാന്‍ ഇറങ്ങി നടന്നു. വ്യക്തമല്ലാത്ത വഴികളിലൂടെ... വഴിനീളെ ആളുകള്‍ "ഇന്ജിയെന്താട ജയില്‍ പുള്ളിയാ?" എന്നൊക്കെ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.. എനിക്ക് കരച്ചില്‍ വന്നില്ല... പക്ഷെ നല്ല പേടി ഉണ്ടായിരുന്നു... ഇന്ന് വരെ കണ്ടിട്ടില്ലാത്ത മനുഷ്യര്‍... പോയിട്ടില്ലാത്ത വഴികള്‍... ഇരുട്ടിന്റെ ഭീകരത... പാമ്പുകളെ കുറിച്ച് കേട്ട കഥകള്‍... ഭൂതങ്ങള്‍... ഗുളികന്‍....ചാത്തന്‍....
ഏതാണ്ടൊരു ഊഹം വച്ച് ഞാന്‍ വേഗത്തില്‍ ഓടി... കുറെ സമയം കഴിഞ്ഞു ദൂരെ എന്‍റെ സ്കൂളിന്റെ അടുത്തുള്ള കിണര്‍ കണ്ടു... അതോടെ വേഗം കൂട്ടി ഓടി... ഒരു ഏഴു മണിയോടെ വീട്ടില്‍ എത്തി...
അപ്പോഴാണ് ശ്വാസം നേരെ വീണത്‌...
ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി...
രാവിലെ കൊണ്ടുപോയ മലയാളം ടെക്സ്റ്റ്‌ ബുക്ക്‌ ഞാന്‍ തിരിച്ചെടുക്കാന്‍ മറന്നിരിക്കുന്നു. അത് വീട്ടില്‍ ആരോടും പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല. വലിയ ഒരപരാധം ചെയ്ത പോലെ.
ഒരര മണിക്കൂര്‍ കഴിഞ്ഞു മറ്റൊരു മാഷ് സൈക്കിള്‍ ചവുട്ടി എന്‍റെ വീട്ടില്‍ എത്തി. എന്നെ അവിടെ കാണാത്തതില്‍ പരിഭ്രമിച്ചു  എത്തിയതാണ്. എന്നെ കണ്ട ആശ്വാസത്തില്‍ അദ്ദേഹം പോയി.


പിറ്റേ ദിവസം കൂട്ടിക്കൊണ്ടുപോയ മാഷ് എന്നെ സ്വകാര്യമായി വിളിപ്പിച്ചു ഒരൊന്നൊന്നര ഭീഷണി ആയിരുന്നു. മേലില്‍ ചിത്രം വരയ്ക്കില്ലെന്നു അന്ന് തീരുമാനിച്ചു. മീനിന്റെ ചിത്രം വരച്ചതില്‍ വല്ലാതെ വേദനിച്ചു.


പിന്നീടുള്ള ഒരു മാസം മലയാളം പിരിയഡ് വരുമ്പോള്‍ ഞാന്‍ സോഷ്യല്‍ സയന്‍സ് പുസ്തകം തുറന്നു വെക്കും. ടെക്സ്റ്റ്‌ നഷ്ടപ്പെട്ട വിവരം ഞാന്‍ ഒഴിച്ച് മറ്റാരും അറിഞ്ഞില്ല...
ഒരു ദിവസം...
ടീച്ചര്‍ എന്നോട് പാഠം വായിക്കാന്‍ പറഞ്ഞു... ഞാന്‍ ടീച്ചര്‍ തൊട്ട് മുമ്പ് വായിച്ച കഥയിലെ കാര്യങ്ങള്‍ എന്‍റെ കയ്യിലെ സോഷ്യല്‍ ടെക്സ്റ്റ്‌ ബുക്കില്‍ നോക്കി വായിക്കുന്നതായി അഭിനയിച്ചു. ചിലയിടങ്ങളില്‍ തെറ്റിയപ്പോള്‍ ടീച്ചര്‍ എന്നോട് ടെക്സ്റ്റ്‌ കാണിക്കാന്‍ പറഞ്ഞു.
ഞാന്‍ കാണിച്ചു കൊടുത്തു.
ടീച്ചര്‍ ആ ടെക്സ്റ്റ്‌ വലിച്ചു ഒരൊറ്റ ഏറു..
എന്നിട്ട് എന്‍റെ മുഖമടക്കി ഒരൊറ്റ അടി...
ഞാന്‍ പുകഞ്ഞുപോയി...
പിന്നീട് അച്ഛനോട് പറഞ്ഞു എങ്ങനെയോ ഞാന്‍ ആ ടെക്സ്റ്റ്‌ സംഘടിപ്പിച്ചു. ഇനിയും മുഖത്ത് അടികൊള്ളാന്‍ വയ്യ! പക്ഷെ ഇന്ന് ഞാന്‍ ഓര്‍ക്കുന്നു... അന്ന് അത്രയും ശക്തിയില്‍ എന്‍റെ മുഖത്ത് പതിഞ്ഞ  കൈവിരല്‍പ്പാടുകളിലൂടെ  എന്തോ ഒരു ഗുരുത്വം എന്നിലേക്ക്‌ കയറി വന്നിരിക്കണം... അത് കൊണ്ടാവണം...
തികച്ചും അപ്രതീക്ഷിതവും ചാര്‍ട്ടില്‍ ഇല്ലാതെയും ഞാന്‍ ബ്ലോഗുലകത്തില്‍ ഒരു കഥാകൃത്ത്‌ ആയി എത്തപ്പെട്ടത്.

6 comments:

 1. എന്നെ ഞാനാക്കി മാറ്റിയ എല്ലാ അദ്ധ്യാപകര്‍ക്കും സമര്‍പ്പണം

  ReplyDelete
 2. എന്നെ പോലെ എന്നും കൂടെ ഉള്ള വായനക്കാര്‍ക്ക് ബിരിയാണി ഇല്ലേ ??

  പിന്നെ എഴുത്ത് മനോഹരം ..ഒരു നാല് വയസ്സകാരന്റെ മനസ്സ് വളരെ നന്നായി കാണാന്‍ പറ്റി.....

  അപ്പൊ അടുത്ത പോസ്റ്റില്‍ കാണാം ...

  പിന്നെ ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒന്ന് ഒഴിവാക്കൂ ...ഇല്ലെങ്കില്‍ മടിയന്മാര്‍ കമെന്റ്റ്‌ ഇടാതെ പോകും ..

  ReplyDelete
 3. നന്ദി ജസ്മിക്കുട്ടി ...
  നന്ദി.... ഫൈസു... ഒരു കോയി ബിരിയാണി തന്നെ ആവാം!
  ഒരുപാട് വായനക്കാരെ പ്രതീക്ഷിച്ചു ഒന്നും എഴുതാറില്ല.
  ഒരുപാട് കമന്റുകളും പ്രതീക്ഷിക്കാറില്ല.
  പതിനായിരത്തോളം വരുന്ന മലയാളം ബ്ലോഗ്ഗര്‍ സമൂഹത്തിലെ ഒരു പുതിയ എഴുത്തുകാരന് വല്യ പ്രതീക്ഷകള്‍ ഇല്ലാ ഫൈസു..
  ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ എന്നോ കൈമോശം വന്നു പോയി.

  ReplyDelete
 4. ആ മൂന്നാം ക്ലാസ്സുകാരന്റെ ടെന്‍ഷനും,പേടിയും നന്നായി മനസ്സില്‍ തട്ടി.ഇന്ന് ഇത്തിരിയെന്നു തോന്നിക്കുന്ന നമ്മുടെ സങ്കടങ്ങള്‍ക്കും,പേടിക്കുമൊക്കെ അന്നെന്തൊരു വലുപ്പമാ അല്ലേ.:)

  പിന്നെ ആദൃതന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?കേട്ടു പരിചയമില്ലാത്തത് കൊണ്ട് അറിയാനൊരു കൌതുകം..

  ReplyDelete
 5. ഹായ് റോസ്..
  ആദരവുള്ളവന്‍ .....
  ആദരിക്കപ്പെടുന്നവന്‍.... എന്നുള്ള രണ്ട് അര്‍ഥങ്ങള്‍ ഉണ്ട് "ആദൃതന്‍ " എന്ന വാക്കിനു.
  ഒരു പേടിത്തൊണ്ടന്‍ ആയതിനാല്‍ എല്ലാവരെയും ആദരിക്കുന്നു.
  ഒരു അദ്ധ്യാപകന്‍ ആയതിനാല്‍ എല്ലാവരും ആദരിക്കുന്നു!

  ReplyDelete